നോയിഡ: മധ്യപ്രദേശിലെ ഭോപ്പാലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോയിഡ സ്വദേശിനിയും മുൻ മിസ് പൂനെയുമായ ട്വിഷാ ശർമയുടെ (33) മരണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. കേസിൽ പ്രതിയായ ട്വിഷായുടെ ഭർതൃമാതാവും വിരമിച്ച ജഡ്ജിയുമായ ഗിരിബാല സിംഗ്, മരുമകൾക്കെതിരെ മയക്കുമരുന്ന് ഉപയോഗ ആരോപണവുമായി രംഗത്തെത്തി. കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഗിരിബാല സിംഗ് മരുമകൾക്കെതിരെ ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.
വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിനുള്ളിൽ, മേയ് 12-നാണ് ഭോപ്പാലിലെ കടാര ഹിൽസിലുള്ള ഭർതൃവീട്ടിൽ ട്വിഷായെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് ട്വിഷാ തന്റെ അമ്മയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നതോടെയാണ് കേസിൽ സ്ത്രീധന പീഡന ആരോപണം ശക്തമായത്.
"ഈ ആളുകൾ എന്നെ ജീവിക്കാൻ അനുവദിക്കില്ല അമ്മേ, എനിക്ക് ഇവിടെ ഭ്രാന്ത് പിടിക്കും, എന്നും "എന്നെ എത്രയും പെട്ടെന്ന് വന്ന് കൂട്ടിക്കൊണ്ടുപോകൂ, ഞാൻ ഇവിടെ കുടുങ്ങിപ്പോയി" എന്നും മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ട്വിഷാ അമ്മയ്ക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. മേയ് 15-ന് നോയിഡയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ ട്വിഷാ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും, അതിന് മൂന്ന് ദിവസം മുൻപ് മരണം സംഭവിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ട്വിഷായുടെ ശരീരത്തിൽ മരണത്തിന് മുൻപുണ്ടായ ഒന്നിലധികം പരിക്കുകളുടെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അടുത്തിടെ ഗർഭച്ഛിദ്രം നടന്നതായും റിപ്പോർട്ടിൽ സൂചനയുണ്ട്. ട്വിഷായുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഭർത്താവും അഭിഭാഷകനുമായ സമർത്ഥ് സിംഗ്, പിതാവ്, മാതാവ് ഗിരിബാല സിംഗ് എന്നിവർക്കെതിരെ ഭോപ്പാൽ പോലീസ് സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും കേസെടുത്തു.